2010, ഡിസംബർ 24, വെള്ളിയാഴ്‌ച

          പ്രണാമം


കരുണയറ്റതോ നീരസ ഹേതുവോ
നൃപനിവന്‍ രാജ്യ ഭ്രുഷ്ടനായ് തീര്‍ന്നത്
ധീര രാജനായ് പതിറ്റാണ്ടു വണോരാ
രാജനിന്നന്ത്യ നിദ്ര പുല്കീടിലും
മാമക ദേശാഭിമാനിയായെന്നും
സേവ ചെയ്ത മഹാ യോഗിയാ നവന്‍
രാജ്യ ഭ്രുഷ്ടനായ് വനവാസജീവിതം പേറി
 മൂകനായ്‌ സ്വരാജ്യ സേവകനായതും
ഖേടമുണ്ടടിയന്നു നീ കൈവിട്ട
രാജ്യ ഭാരം മടക്കി നല്കാഞ്ഞതില്‍
സ്ഥാന മാനങ്ങള്‍ കൈവിട്ടു ആധിയും
വ്യാധിയും നിന്‍ ദിനങ്ങള്‍ കവര്‍ന്നതും
കുറ്റ ബോധത്താല്‍ നീറിയ നിന്‍ മനം
കൈ വെടിഞ്ഞോര രാജ തന്ത്രഞ്ഞയെ
ഒരു വാക്കിനാല്‍ മുറിവേല്‍പ്പിചിടാതെ നീ
നേര്‍ക്ക്‌ നിന്നു പൊരുതിയ നാളിലും
കേരളം ആദരമോടെന്നും
സ്മരിച്ചിടും നിന്‍ ഭരണ കാലങ്ങളെ .
          പുതു ഗീതം

നവവത്സര ഗീതം പാടീടാം
മംഗള ദീപം കൊളുത്തീടാം
മനസ്സില്‍ മൊട്ടുകള്‍ വിടരുന്നു
നഭസ്സില്‍ പാലൊളി വിരിയുന്നു

സ്വപ്നത്തിന്‍ ചിറകേറീടാന്‍
മോഹ പൂക്കള്‍ തിരഞ്ഞിടാന്‍
ആശാ ഗോപുര വാതില്‍ തുറന്നു
അണയുകയായി പുതുവര്‍ഷം

കാഹളമുയരുന്നു മണ്ണില്‍
കാഴ്ചകള്‍ നിവരുന്നു വിണ്ണില്‍
കൊട്ടും കുരവയും ആര്‍പ്പുവിളിയുമായ്
ചുറ്റും നൃത്തം തുടരുന്നു

ദുഃഖങ്ങള്‍ പലതുന്‍റെന്നാലും
നവ സുദിനം ഘോഷിക്കുന്നു നാം
പ്രാര്‍ഥനയോടെ പിറന്നീടും
പുതുവര്‍ഷം മംഗളമാവട്ടെ

പാരില്‍ ശാന്തി പരക്കട്ടെ
പാര്‍വണ ബിംബം പോലെങ്ങും
പട്ടിണി വയറുകള്‍ നിറയട്ടെ
ധന ധാന്യ സമൃദ്ധി പുലരട്ടെ

മാറാ വ്യാധികള്‍ മാറീടാന്‍
ലോക വിപത്തുകള്‍ തീര്‍ന്നീടാന്‍
ഭീകര വാദം നീങ്ങീടാന്‍
സാഗര വീചി അടങ്ങീടാന്‍]

നന്മകള്‍ പൂത്തു വിടര്‍ന്നീടാന്‍
പുണ്യ ദിനങ്ങള്‍ പുലര്‍ന്നീടാന്‍
എങ്ങും സ്നേഹ സുമങ്ങള്‍ വിടര്‍ന്നീ
മണ്ണില്‍ ശാന്തി പുലര്‍ന്നീടാന്‍
സര്‍വ ചരാചര നായകനാം നീ
എന്നും കൃപ ഏകീടണമേ....
       സ്നേഹ ഗായകന്‍


മകര  മഞ്ഞുറയും മനസ്സില്‍
കുളിരുറങ്ങും ബത്ത്ലഹെമില്‍
പാപ മോചകന്‍ യേശുനാഥന്‍
ജാതനായ് കാലിത്തൊഴുത്തില്‍

ശ്രെഷ്ടനാമിടയാനിനക്കായ്
കാഴ്ചദ്രവ്യങ്ങള്‍ ഒരുക്കാന്‍
മത്സരിപ്പൂ മാനസ്സങ്ങള്‍
മോക്ഷദായകനെ നമിപ്പു

നീതിയില്ലാ നാള്‍കളില്‍ നിന്‍
നീതി തേടി അണഞ്ഞു മാനവര്‍
പാപ മോചനമേകി അന്ധത നീക്കി
പാലൊളി തൂകി നിന്നു

ലോക പാപങ്ങള്‍  ചുമന്നു
കാല്‍വരിയില്‍ യാഗമാവാന്‍
നീ പിറന്നിടുന്നു പാരില്‍
സ്നേഹ ഗായകനെ നാഥാ ..

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

      ആഭിജാത്യം

ശീലകുട നന്നാകുന്ന

 ഖാലിദിന്റ്റെ ബാപ്പയും
ഈയം പൂശുകാരന്‍
 മന്തു കാലന്‍ മേത്തരും
തമ്പ്രാട്ടി എന്നു വിളിച്ചു

അടുക്കള പിന്നാമ്പുറത്ത് 
ഒചാനിച്ച്ചു നില്‍ക്കാറുള്ള 
 അലക്കുകാരി നാരായണിയും
ക്രയവിക്രയങ്ങളില്‍ വഞ്ചിച്ചു 
 
സ്വന്തം മണിമാളിക തീര്‍ത്ത
കാര്യസ്ഥന്‍ കേളുനായരും
ദാരിദ്ര്യ കടല്‍ കടക്കാന്‍ 
എന്നും കടം തന്നു സഹായിച്ച 
തേങ്ങാക്കാരന്‍ വറീത് മാപ്ലയും 
ജയലക്ഷ്മീ ടാക്കീസിലെ 
ഒപ്പരെട്ടര്‍ കൃഷ്ണന്‍ നായരും 
കോപിഷ്ഠനായ മല്‍ പിതാവും 
ചാത്തനും പൊട്ടിയും 
തേവനും ചിരുതയും
വിഷം തീണ്ട ആഭിജാത്യങളും
സ്വര്‍ഗത്തിലോ നരകത്തിലോ 

പരസ്പരം കണ്ടു മുട്ടുന്നുണ്ടാവാം....

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

       സൗഗന്ധികം


സുന്ദര  സുമങ്ങളെ
ഞാന്‍ എന്നും തിരയുന്നു.
വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍
തേടിയുള്ള അന്വേഷണം .
ഒടുവില്‍ കണ്ടെത്തി
ഉണും ഉറക്കവും വെടിഞ്ഞു
നിത്യവും പരിപാലിച്ചു
കൃമി കീടങ്ങള്‍ക്ക്
കീട നാശിനി തളിച്ച് 
ഓമനിച്ചു വളര്‍ത്തി
ഒരുനാള്‍ മൊട്ടിട്ടു വിടര്‍ന്നു
ദിവ്യ സുഗന്ധം നാല് ദിക്കും പരന്നു
ആളുകള്‍ തിരഞ്ഞു വന്നു.
ഒരു കമ്പ് മുറിച്ചു കിട്ടിയിരുന്നെങ്കില്‍..
ദൈവം തന്ന സമ്മാനം
ചോദിച്ചവര്‍ക്കെല്ലാം കൊടുത്തു
ദാ..ഇപ്പോള്‍ വാടിത്തുടങ്ങിയിരിക്കുന്നു
ഇന്നലെ രുഗ്മിണി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു
ഏതോ ഒരു പുതിയ ബുക്ക് വന്നത്രേ
കേട്ടപ്പോള്‍ ചങ്കില്‍ തീയാളി ..
എങ്കിലും നട്ടു നനച്ചു വളര്‍ത്തിയ
എന്‍റെ ഓര്‍ക്കുട്ട് .....

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

         ആത്മഹത്യ


ക്രോധ ഹേതുവുമായിടാം
മോഹകാരണമായിടാം
ആത്മമിത്ര വിയോഗമാം
ആസ്തി ഒട്ടു മുടിഞ്ഞതാം
പ്രണയലീലതന്നന്ത്യമാം
പ്രണയോപഹാരവുമായിടാം
പലിശമുതലിന്‍ മൂര്‍ച്ചയാം
പഠിപ്പു മൂലവുമായിടാം
പതനവും പരിതാപവും
പരസ്ത്രീ ഗമനവുമായിടാം
രോഗ പീഡയാല്‍ വലഞ്ഞും
മോഹ വാരിധിയില്‍ കുഴഞ്ഞും
പാപചിന്തകളാല്‍ വെറുത്തും
പണാപഹരനത്താല്‍ ഭയന്നും
വാണിഭത്തിന്‍ ഇരയായതും
വാണിഭ പങ്കുന്ടതും
സുഖലോല ജീവിത ഹേതുവാം
സുരസോമ സേവയുമായിടാം
സ്ത്രീധനത്തിന്‍ പേരിലാം
സ്ത്രീജനവും ഹേതുവാം
നിത്യ ജീവിത ദുഖമാം
സത്യ ധര്‍മ്മ വിലോപമാം
മാനഹാനിയുമായിടാം
അതിലോല മാനസമായിടാം...

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

     മഴപോലെ ...പുഴപോലെ



ഒരു വാക്കിന്‍ മുനയാലും
അവളുടെ ഇടനെഞ്ചു കുത്തിനോവിച്ചിട്ടില്ല
ഒരു നോട്ടം കൊണ്ടുപോലും
അവളെ വിവസ്ത്രയാക്കിയിട്ടുമില്ല
എത്ര മഴ നനഞ്ഞു കാത്തു നിന്നീടിലും
വൈകിയെത്തുന്ന അവളെ ശകാരിചിട്ടുമില്ല
തിരക്കുകള്‍ മാറ്റിവച്ചു സമയത്തെ പഴിച്ചു
സായാഹ്നങ്ങളില്‍ കാത്തു നിന്നിട്ടുണ്ട്.
പരസ്പരം കൈമാറിയ കത്തുകളിലെ
മിടിക്കുന്ന ഹൃദയ വിചാരങ്ങള്‍
ഒരു ചില്ല് കൂടിനുള്ളില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
കാത്തു നില്‍പ്പിന്‍റെ വേദനയും വിങ്ങലും
അരികില്‍ അണയുമ്പോള്‍ ഉള്ള ആനന്ദവും
പെരു മഴ പോലെ തിമിര്‍ത്തും
പുഴപോലെ നിറഞ്ഞു കവിഞ്ഞുമൊഴുകിയിരുന്നു
ഒരു സന്ധ്യക്കും ചാലിച്ച് ചാര്‍ത്തുവാന്‍
ആവാത്ത സിന്ദൂരരേഖയായ്
മനസ്സിന്‍ വിഹായസ്സില്‍ മഴവില്ലിന്‍ ചാരുത പോലെ
വിദൂര തീരങ്ങളില്‍ നിന്നെ തിരഞ്ഞു
നീല നിശീഥങ്ങളില്‍ ഞാന്‍ അലയുന്നു.
കനവിന്‍ കണ്ണാടിയില്‍ തെളിഞ്ഞും
കരളിന്‍ കൂടാര വാതിലില്‍ മറഞ്ഞും
പെയ്തൊഴിയാത്ത തുലാവര്‍ഷ  ഗീതമായ്
എന്‍ മനോവീണയില്‍ സാന്ദ്ര  സംഗീതമായ്
എന്‍ മലര്‍വാടിയില്‍ വാസന്ത പുഷ്പമായ്
ഒളിമങ്ങാത്തോരോര്‍മ്മതന്‍ ഹേമന്ദ  ബിന്ദുവായ്‌
മമ സഖീ നിന്നെ ഇന്നും ഓര്‍ക്കുന്നു ഞാന്‍.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

       പ്രണയം

പ്രണയം ഒരമൃത്
നുകര്‍ന്നീടില്‍ കുളിര്
നിലകെട്ടു വിലകെട്ടു
ഗതി കെട്ടു പോയീടാം
ആരും വെറുത്തീടാം
ആരാനും കേട്ടെന്നാല്‍
വീടിനും വീട്ടാര്‍ക്കും
മാനക്കേട് .

കുളിരിന്‍ പുതപ്പാണ്‌
മഴയത്തെ കുടയാണ്‌
പനിനീരിന്‍ മണമാണ്
പൂവമ്പന്‍ മലരാണ്
മോഹത്തിന്‍ മധുവാണ്
ദാഹത്തിന്‍ നീരാണ്

അഴകില്ലാത്തഴകാന്
മിഴിയില്ലാ കനവാണ്
ഹൃദയത്തിന്‍ നോവാണ്
മരണത്തിന്‍ കയറാണ്‌

വിരഹത്തിന്‍ തീയാണ്
നരകത്തിന്‍ ചൂടാണ്
കടലിന്‍റെ നാവാണ്
ഇടനെഞ്ചിന്‍ തുടിയാണ്‌

കനവാണ് നിനവാണ്‌
കഥയില്ലാ കളിയാണ്
കലഹത്തിന്‍ വഴിയാണ്
കദനത്തിന്‍ കാടാണ്‌

കണ്ണീരിന്‍ കഥയാണ്
കാമത്തിന്‍ കനലാണ്
ഗാനത്തിന്‍ ശ്രുതിയാണ്
ഗഗനത്തിന്‍ ഒളിയാണ്

വിടരാത്തൊരു മൊട്ടാണ്
പാടാത്തൊരു പാട്ടാണ്
ഈ മണ്ണിന്‍ വരമാണ്
ജീവന്‍റെ ഉറവാണ്.

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

            ആത്മഹത്യ


  രാമനാഥന്‍ ആത്മഹത്യ ചെയ്തു
  ഭാര്യ ഗീത ജീവച്ഛവം കണക്കെ ..
  ഇത്ര ചെറുപ്രായത്തില്‍ വിധവ..?
  വേറെ വിവാഹം കഴിക്കാമല്ലോ...?
  കുട്ടികളുടെ ബാധ്യത....?
  ഒന്നും അറിയാതെ ഉമ്മറ കോലായില്‍
  ഭസ്മ കളത്തില്‍ കണ്ണും അടച്ചു രാമനാഥന്‍ ..
  പരോപകാരി
  സദ്ഗുണ സമ്പന്നന്‍
  ദൈവ ഭക്തന്‍.
  രാമനാഥന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെട്ടു .
  എങ്കിലും ആത്മഹത്യ ചെയ്യാന്‍ മാത്രം..?
   ഭീതി നിറഞ്ഞ മനസ്സുമായ് ഗീത..
   അടുത്ത വീട്ടിലെ ശശിക്കുട്ടന്‍
   ഒരു മുന്നറിയിപ്പുമില്ലാതെ..ഇന്നലെ
   അപ്പോഴേ കരുതി രാമേട്ടന്‍ കണ്ടിട്ടുണ്ടാവും ..
    ദൈവാധീനം....?
   സാമ്പത്തിക ബാധ്യത മൂലം
   എന്നാ നാട്ടില്‍ സംസാരം.

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

          സൗഹൃദം


     അവിചാരിതം
     ആനന്ദാമൃതം
     സ്മരണീയം.
     ഇഷ്ടം
     ദുഃഖം
     സാന്ത്വനം
     പ്രലോഭനം
     നിദ്രാ വിഹീനം
     ഒടുവില്‍..
     പ്രണയം
    പ്രളയം
    പേമാരി
    മകരക്കുളിര്‍
    വസന്തം
    ഞാറ്റു വേല
   ഋതു ചന്ക്രമണം
    ആവര്‍ത്തനം
    വിവര്‍ത്തനം
    കഥയില്ലായ്മ .
    പറന്നു പോയ മണിശലഭം
    പീഡിപ്പിച്ചെന്നും
    പേടിപ്പിച്ചെന്നും
    വനിതാ കമ്മീഷന്‍
    ചിറകൊടിഞ്ഞ ശലഭം
   ഇരുളില്‍ നിദ്ര തേടുന്നു.
  
    

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

             ഭാഗം


തെക്ക് പടിഞ്ഞാറ്
പത്ത് സെന്‍റ്  കൃഷ്ണന്
വടക്ക് കിഴക്ക്
പത്ത് സെന്‍റ് ബാലന്
മധ്യ ഭാഗത്ത്‌
വീടും പത്ത് സെന്ടും രാമന്
പിന്നെ വന്നത് വഴി പ്രശ്നം
മൂന്നടി എന്ന് നിയമം
വിട്ടു കൊടുക്കില്ലെന്ന് കൃഷ്ണന്‍
മൂവരും തമ്മില്‍ കലഹം
പക്ഷം ചേര്‍ന്ന് പല കക്ഷികള്‍
ഒടുവില്‍ വ്യവഹാരം
കീഴ് കോടതി മേല്‍ കോടതി
വിസ്മരിക്കപ്പെട്ടത് ഒന്ന് മാത്രം
സ്വന്തം ജനനി.....

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

        വികസനം   

  ബലൂണ്‍ കച്ചവടക്കാരന്‍
വഴി നീളെ വില്‍ക്കുന്നതും
സെക്രറ്ററിയെടില്‍ ചരട്
വലിക്കുന്നതും വികസനം.
ബലൂണ്‍ അഞ്ചു നിമിഷവും
വികസനം  അഞ്ചു വര്‍ഷവും
കൊണ്ടു പൊട്ടുന്നു.
പൊട്ടിയ ബലൂണ്‍
കുട്ടിക്ക് കരച്ചില്‍
പൊട്ടിയ വികസനം
ഭരണത്തിനു വായ്ക്കരി .
വികസിക്കുന്നത് ബാങ്ക് അക്കൌണ്ട്
വികസിക്കാത്തത് പൊതുജനത്തിന്റെ ബുദ്ധി.

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

         അയോധ്യ 


ആയോധനതിന്‍ അയോധ്യ 
അശാന്തി പര്‍വ്വമണിന്നയോധ്യ 
ആരെ തിരയുന്നു നിങ്ങള്‍ 
അല്ലാഹുവോ അതോ രഘുരാമനോ 
ചോരച്ചുവപ്പില്‍ കുതിര്‍ന്ന മണ്ണ് 
ശാന്തി ദീപം കൊളുത്തുവിന്‍ നിങ്ങള്‍ 
വന്നു പിറന്നു നീ മണ്ണില്‍ 
മതം ഏതെന്നെഴുതീല നിന്‍ ശിരസ്സില്‍ 
പിന്നെ നിനക്ക് പേര്‍ നല്‍കി 
മതം എന്നോരഗ്നിയില്‍ സ്നാനവും നല്‍കി 
അന്നേ മുലപ്പാലിനൊപ്പം നുകര്‍ന്ന് നീ 
മത വൈരിയും വീര്യവും ശൈശവത്തില്‍ 
ആരായ്‌ വളരേണം ആരെ സ്തുതിക്കണം 
ആര്‍ക്കുവേണ്ടി  നീ അടരാടണം 
സത്യ സ്വരൂപന്‍ ജഗന്നാധനോ 
വിശ്വ വിമോചകന്‍ ക്രിസ്തുവിനോ 
ആലംബഹീനര്‍ക്ക്  ആശ്രയം ഏകിയ 
കാരുണ്യവാനാം  അല്ലാഹുവിനോ 
സര്‍വ്വം  ഏകമയം  പൊരുള്‍ ഒന്ന് മാത്രം 
മണ്ണില്‍  നമ്മള്‍  പകുത്തു  മാനസങ്ങള്‍ 
കാണുക നിന്‍ കണ്ണാല്‍ ജീവിത സത്യങ്ങള്‍ 
കാരുണ്യമോടെ സഹജരെ  നോക്കിടുവിന്‍.
സ്നേഹ സാഹോദര്യം വേരോടി ഈ മണ്ണില്‍ 
മനവ മത മൈത്രി പുലര്‍ന്നിടട്ടെ ..

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

                   രക്തം കുടിക്കുന്നവര്‍

എന്നും രാത്രി വൈകിയാണ്  അവന്‍റെ വരവ്
കുറെ കൂട്ടുകാരും കൂടെ കാണും .
ഞാന്‍ ഉറങ്ങുകയല്ലേ ശല്യപ്പെടുത്തെന്ട
എന്നൊന്നും അവര്‍ ചിന്തിക്കാറില്ല .
ഇനി ഉറങ്ങുന്നതെങ്ങനെ.
അടിമുടി ചൊറിഞ്ഞു വന്നെനിക്ക്
ഒരു രക്ഷയുമില്ല നാശങ്ങള്‍ .
ചാടി എഴുന്നേറ്റു ഞാന്‍ ലൈറ്റിട്ടു .
അപ്പോഴേക്കും കട്ടിലിന്‍റെ വിടവിലേക്ക്
ഓടി ഒളിച്ചുകളഞ്ഞു ആ മൂട്ട പരിഷകള്‍ ..

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

കലിയുഗവരദന്‍


                   കലിയുഗ വരദന്‍

മാലയിട്ടു വ്രതമെടുത്തിരുമുടിക്കെട്ടുമേന്തി
ഹരിഹര സുതനാം നിന്‍റെ  നാമമുരുക്കഴിച്ച്
കഠിനതരമാം  മലചവിട്ടി വരുന്നു ഭക്തര്‍
ശ്രിതജന  പ്രിയനാം നിന്‍ തിരുസന്നിധി  തേടി.
സത്യത്തിന്‍ പൊരുളാം പൊന്നു പതിനെട്ടു പടികള്‍ താണ്ടി
എത്തുന്നു ശരണ മന്ത്രമുയരും തത്വമസ്സിയില്‍
തിങി ഞെങി ഞെരുങി നീങി ജനലക്ഷമൊടുവില്‍
വന്നിടുന്നു തൊഴുകയ്യുമായ്‌ നിന്‍  തിരുനടയില്‍
ഉള്ളില്‍ക്കലങി മറിഞ്ഞിടുന്ന ദുഖക്കടല്‍
കണ്ണീരായൊഴുകുന്നു നിന്‍ ചരണത്തില്‍
ഇരുളകന്നു തെളിഞ്ഞിടുന്ന പൊന്‍പുലരിപോല്‍
ഹൃദയ വ്യഥയകന്നു  നിറഞ്ഞിടുന്നു നിന്‍റെ  രൂപം
കലിയുഗവരദനായ് നീ വിളങുന്ന നേരം
ക്ഷിതിയിലെനിക്കു ഭയമെന്തിനീ ജീവിതത്തില്‍
സകല രിപുവുമകന്നുപോം പുലിവാഹനനായ്
അടവി താണ്ടി  നീ വരുന്ന കാഴ്ച കാണ്കില്‍.

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

          മേല്‍വിലാസങ്ങള്‍                                          കവിത  

ഞാന്‍ ജനിച്ചതും വളര്‍ന്നതും അച്ഛന്റ്റെ മേല്‍വിലാസത്തില്‍
അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ മേല്‍വിലാസത്തില്‍
സ്വന്തമായി വീട് വാങ്ങിയപ്പോള്‍ തിരുവോണം എന്ന മേല്‍വിലാസം
വിവാഹിതനായപ്പോള്‍ ഉദയായുടെ ഭര്‍ത്താവെന്ന മേല്‍വിലാസം
കുട്ടി ജനിച്ചപ്പോള്‍ അനഘയുടെ അച്ഛനെന്ന മേല്‍വിലാസം
ഗള്‍ഫില്‍ എത്തിയപ്പോള്‍ ഗള്‍ഫുകാരനെന്ന മേല്‍വിലാസം
ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ പരദേശി എന്ന മേല്‍വിലാസം
തലക്കെട്ട് ചേര്‍ക്കുക
മാറുന്ന വിലാസങ്ങള്‍.സ്വര്‍ഗ്ഗത്തിനും നരകത്തിനും കൂടി...

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച


വന്നല്ലൊ മലനാട്ടില്‍ പൊന്‍തിരുവോണം
ഇന്നല്ലൊ മാവെലി എഴുന്നള്ളുന്നു
കൊട്ടും കുരവയും ആര്‍പ്പുവിളികളും ഉയരുന്നു
ചിത്തം നിറയെ പൂപ്പടകള്‍ വിതറ്ന്നു.

ഊഞ്ഞാലില്‍ ആടിയാടി അങേക്കൊംബില്‍ ചെന്നു തൊടും
ഉണ്ണികളേ നിങള്‍ കളിയാടും നേരത്ത്
എന്നുള്ളില്‍ നുരയുന്നു ആനന്ദതിരകള്‍
പിന്നെ കണ്ണീരായൊഴുകുന്നു മായുന്നു

അത്തം പത്തു പൂക്കളമെഴുതിയ മങ്കമാര്‍
ചിത്തം ഉല്‍സവലഹരിയിലാറ്റാടി
പ്ത്തു വെളുപ്പിനുണര്‍ന്നു സദ്യകളൊക്കെയൊരുക്കി
കോടിയുടുത്തു തൊടുകുറ്ഇ ചാര്‍ത്തി ദശപുഷ്പ്പം ചൂടി

മലയാളമങ്കമാര്‍ താലപ്പൊലിയേന്തിയെതിരേല്‍പ്പു മന്നനെ വായ്ക്കുരവയുമായി
ഉള്ളം നിറയട്ടെ താവക പുണ്ണ്യം പുലരട്ടെ
വാഴുക വാഴുക മലനാടിന്‍ മന്നവനെ നീ
ഞങള്‍ പാടികയാണോണപ്പാട്ടിന്‍ ഈരടികള്‍

കവിത

പൂക്കളം തീര്‍ക്കുന്നു പൊന്നുണ്ണി
പൂമുഖത്തെത്തി പൊന്നോണം
കാണാത്ത ദൂരത്തിരുന്നച്ചനീക്കാഴ്ച
കാണുകയാണിന്നു മാനസത്തില്‍

പുത്തനുടുപ്പും കളിക്കോപ്പുമായച്ച-
നെത്തുമെന്നമ്മ ചൊല്ലുംബോള്‍
പുഞ്ചിരി തൂകി നീ യോടുംബോള്‍ കാണാതെ
കണ്ണീര്‍ തുടക്കുന്നു നിന്നമ്മ.

പാതവക്കത്തേക്കു നോക്കിയിരിക്കുന്നു
പാതി നിറഞ്ഞ മിഴികളുമായ്
പാതിരാരാവും കടന്നുപോയ് പൊന്നുണ്ണി
പാതിയുറക്കമായ് നിന്‍ മടിയില്‍


                                                                                                                  



ormayile onam

ഓര്‍ക്കുവാനയ് നല്ലൊരോണനാളെനിക്കില്ല
പാര്‍ക്കുവാന്‍ നാലു ചുവരിന്‍ ഭവനമന്നെനിക്കില്ല
മാനത്തു മഴമേഘം സൂര്യനെ മറയ്ക്കുംംബോള്‍
ആധിയാലെന്നമ്മ ഈശനെ വിളിച്ചിടും

ചട്ടിയും പാത്രങളും നിരത്തി ഞങളന്നു
മാനത്തെ അത്ദിയെ വരവേല്‍ക്കുവാനായ്
കുളവും തോടും നിറഞ്ഞൊഴുകും മഴവെള്ളം
ഇറവാരത്തു വന്നെന്നെ കളിക്കാന്‍ വിളിച്ചിടും

കടലാസ്സു തോണികള്‍ പലതും ഞാനുണ്ടാക്കി
വാതില്‍പ്പടിയില്‍ നിന്നു വെള്ളത്തിലൊഴുക്കീടും
പുസ്തക വായനക്കായ് ഞാനിരുന്നീടുംബോള്‍
മഴത്തുള്ളികളെന്‍ കളിക്കുട്ടരായെത്തും

എങ്കിലും അന്നാളിലും ഓണത്തെ വരവേല്‍ക്കാന്‍
പൂക്കളം തീര്‍ത്തോണക്കോടിയുമണിഞല്ലൊ
ഇന്നു ഞനുദ്ദ്യോഗാര്‍ത്തം അന്ന്യ ദേശത്താകിലും
അന്നത്തെ ഓണക്കാലം കണ്മുന്നില്‍ തെളിയുന്നു

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പൊടെരിയുന്നു
ദൂരെയെന്‍ മലനാട്ടില്‍ ഓണം പിറണ്ണിടുംബോള്‍
പൂക്കളം തീര്‍ക്കുന്നൊരെന്‍ കുഞ്ഞിനെ ഓര്‍ക്കുന്നു ഞാന്‍

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പോടെരിയുന്നു
ഓണമിന്നളുകള്‍ക്കു കുടിച്ചു കൂത്താറ്റുവാന്‍
കെവലമുള്ളോരവധി ദിനങല്‍ മാത്രം

മാവേലിയെത്തിടുംബോള്‍ ഫിറ്റായിട്ടിരിക്കുന്ന
മാളോരെ കണ്ടുഭവാന്‍ തരിചു നിന്നു പോകും
പൂക്കളമൊരുക്കീടാന്‍ പൂക്കള്‍ഈന്നെങുമില്ല
കാട്ടുചെടികള്‍ ഭൗമന്തരാളത്തിലാണ്‍ടു പോയ്

എല്ലാരുമൊന്നായ് വാണ കാലത്തിന്‍ സ്മരണകള്‍
എന്നുമോര്‍ക്കുവാനായ് ഓണമെത്തുന്നു വീണ്ടും
സത്യവും നീതിയും അസ്തമിച്ചിട്ടാണ്ടുകള്‍ പലതായ്
ദുഷ്ടജനങളാല്‍ ഭൂഗോളം ഞരങി കറങുന്നു

സ്ത്യത്തിന്‍ അച്ചു തണ്ടില്‍ ചലിക്കുമീ മഹാഗോളം
സത്യ ഭ്രംശത്താല്‍ നാശം വന്നീടുമിതുനിര്‍ണ്ണയം
ഓണത്തിന്‍ നൈര്‍മ്മല്യത്തെ മനസ്സില്‍ സൂക്ഷിച്ചീടാം
മാലൊകരെല്ലം എന്നും ഒന്നയി വാണീടുവാന്‍