2019, ഡിസംബർ 12, വ്യാഴാഴ്‌ച

യേശുവേ അങ്ങേക്കാരാധനഅങ്ങേക്കാരാധന


ഉറ്റവരും ഉടയവരും കൈവെടിയും  നേരം

ദുഖഭാരം താങ്ങീടാനായ് ആത്മനാഥനെത്തും
പുത്രനായ നിന്നെ ഒന്നു മാറിലൊന്നു ചേർക്കാൻ
എത്ര കാലമായി  നിന്നെ കാത്തിരിപ്പു നാഥൻ
േയശു നല്ലവൻ ഈ ലോക രക്ഷകർ
നീ മാത്രമാണ് പാരിലിന്ന് ഏക ആശ്രയം

  (ഉറ്റവരും)

രോഗ സൗഖ്യമേകി ആത്മ ശാന്തി നല്കിടും
ശോകമൊക്കയും അകറ്റി മോദമേകിടും
ജീവിത വിജയലക്ഷ്യ  സീമ താണ്ടുവാൻ
ചിറകടിച്ചുയർന്നീടുക വചന വീഥിയിൽ

(യേശു നല്ലവൻ)

കാല ദൈർഘ്യം ഏറെ ഇല്ല നാഥനെത്തുവാൻ
കാത്തിരുന്നിടേണമിന്ന് ആത്മനാഥനായ്
സ്വർഗ്ഗരാജ്യ സീമകളിൽ ഒത്തചേരുവാൻ
കാഹളധ്വനി മുഴങ്ങും നേരമായീടാം.
(യേശു നല്ലവൻ)
ഉറ്റവരും ഉടയവരും....
  സ്മൃതികൾ

എന്നെ ഞാൻ തിരയുന്നു 
പിന്നിട്ട വീഥികളിൽ 
പൊന്നോണ പൂവിളി 
ഉയരും മേടുകളിൽ 
കണ്ണീരിൻ കഥകളിൽ 
മാബലി പാട്ടുകളിൽ 
തുമ്പയും തെച്ചിപ്പൂവും 
വിടരും തൊടികളിൽ
നൻമണം പേറിയെത്തും 
മന്ദമാരുതൻ വീശും 
സുന്ദര പ്രകൃതിതൻ 
സംഗീത മാധുരിയിൽ  
അല്ലലിൻ അഴലിങ്കൽ 
വല്ലാതെ വലയുന്നോർ 
അല്ലൽ ഇല്ലാതെ ഉണ്ണും 
പൊന്നോണ ദിനങ്ങളിൽ 
വല്ലാതെ ചെറുമികൾ 
വിയർക്കും പാടങ്ങളിൽ 
കൈതകൾ തലയാട്ടും 
കേദാര തീരങ്ങളിൽ 
കൈതവം കലരാത്ത 
പൈതൃക സ്വപ്നങ്ങളിൽ 
ഇന്നു  ഞാൻ തിരയുന്നു 
പിന്നിലെ കാൽപ്പാടുകൾ 
മായാത്ത മുദ്രകളായ് 
മാനസ വ്യഥകളായ് 
മൂകമാം എന്നോർമ്മയെ 
താലോലിക്കുവാനെത്തും 
ആ നല്ല ദിനങ്ങളെ 
തിരിച്ചു വന്നീടുമോ 
ശാന്തമാം ഉച്ച നേരങ്ങളിൽ 
മനഃ ശാന്തിയായ് മയങ്ങുവാൻ 
സത്യത്തിൻ  വീഥികളിൽ 
നിത്യവും നടന്നവർ 
നിത്യ ശാന്തി പൂകീടും 
നിശ്ശബ്ദ തീരങ്ങളിൽ 
സന്ധ്യയും പുലരിയും 
വിളക്കു കൊളുത്തിട്ടും 
സുന്ദരാങ്കണങ്ങളിൽ 
നാമ ജപങ്ങളിൽ 
മേഘ ഗർജ്ജനങ്ങളിൽ 
തുലാവർഷ ഗീതികളിൽ 
കൂരിരുൾ കൂടാരത്തിൽ 
ഭയ വിഹ്വലതകളിൽ 
അമ്മതൻ ചൂടിൽ 
അമ്മിഞ്ഞ മധുരത്തിൽ 
താരാട്ടിൻ ഗീതികളിൽ 
ഞാൻ ഒന്നുറങ്ങീടട്ടെ.

  പട്ടണക്കാട് ഷൈലേന്ദ്രൻ.