2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

     മഴപോലെ ...പുഴപോലെ



ഒരു വാക്കിന്‍ മുനയാലും
അവളുടെ ഇടനെഞ്ചു കുത്തിനോവിച്ചിട്ടില്ല
ഒരു നോട്ടം കൊണ്ടുപോലും
അവളെ വിവസ്ത്രയാക്കിയിട്ടുമില്ല
എത്ര മഴ നനഞ്ഞു കാത്തു നിന്നീടിലും
വൈകിയെത്തുന്ന അവളെ ശകാരിചിട്ടുമില്ല
തിരക്കുകള്‍ മാറ്റിവച്ചു സമയത്തെ പഴിച്ചു
സായാഹ്നങ്ങളില്‍ കാത്തു നിന്നിട്ടുണ്ട്.
പരസ്പരം കൈമാറിയ കത്തുകളിലെ
മിടിക്കുന്ന ഹൃദയ വിചാരങ്ങള്‍
ഒരു ചില്ല് കൂടിനുള്ളില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
കാത്തു നില്‍പ്പിന്‍റെ വേദനയും വിങ്ങലും
അരികില്‍ അണയുമ്പോള്‍ ഉള്ള ആനന്ദവും
പെരു മഴ പോലെ തിമിര്‍ത്തും
പുഴപോലെ നിറഞ്ഞു കവിഞ്ഞുമൊഴുകിയിരുന്നു
ഒരു സന്ധ്യക്കും ചാലിച്ച് ചാര്‍ത്തുവാന്‍
ആവാത്ത സിന്ദൂരരേഖയായ്
മനസ്സിന്‍ വിഹായസ്സില്‍ മഴവില്ലിന്‍ ചാരുത പോലെ
വിദൂര തീരങ്ങളില്‍ നിന്നെ തിരഞ്ഞു
നീല നിശീഥങ്ങളില്‍ ഞാന്‍ അലയുന്നു.
കനവിന്‍ കണ്ണാടിയില്‍ തെളിഞ്ഞും
കരളിന്‍ കൂടാര വാതിലില്‍ മറഞ്ഞും
പെയ്തൊഴിയാത്ത തുലാവര്‍ഷ  ഗീതമായ്
എന്‍ മനോവീണയില്‍ സാന്ദ്ര  സംഗീതമായ്
എന്‍ മലര്‍വാടിയില്‍ വാസന്ത പുഷ്പമായ്
ഒളിമങ്ങാത്തോരോര്‍മ്മതന്‍ ഹേമന്ദ  ബിന്ദുവായ്‌
മമ സഖീ നിന്നെ ഇന്നും ഓര്‍ക്കുന്നു ഞാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ